വെസ്റ്റേൺ

വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ബസ്സിന്‌ പോകാനുണ്ട് കോളേജിലേക്ക്. 
അക്കാലത്ത്, നേരിട്ട് പോകാൻ രാവിലെ രണ്ട് ബസുകളാണുണ്ടായിരുന്നത്. വെസ്റ്റേണും റിലൈൻസും. അതിൽ വെസ്റ്റേൺ താമരശ്ശേരി വഴിയും റിലൈൻസ് ഓമശ്ശേരി വഴിയുമാണ് പോകുക. 

പതിവായി ഞങ്ങൾ കയറിയിരുന്നത് വെസ്റ്റേണിലാണ്. അത് വലിയ ബസ്സാണ്, ആദ്യം വരുന്നതുമതാണ്. അതിനെല്ലാമുപരി  ആ ബസ്സിന്റെ മുതലാളി എന്റെ സ്വന്തം നാട്ടുകാരനായ അബ്ബാസിക്കയാണ്. 

എന്റെ സ്റ്റോപ്പിൽ എത്തുമ്പോൾ ബസ്സ് പൊതുവെ ഒഴിഞ്ഞു കിടക്കും. ഇഷ്ടം പോലെ സീറ്റുണ്ടാകും ഞങ്ങൾ നടുഭാഗത്തുള്ള സീറ്റിൽ സ്ഥാനം പിടിക്കും. അതിനൊരു കാരണമുണ്ട്, ടിക്കറ്റ് എടുക്കുന്ന ആൾക്കാർ വരുമ്പോൾ ST കുട്ടികൾ എണീറ്റു കൊടുക്കണം. അതന്നും ഇന്നും നടന്നു പോകുന്നൊരു ചടങ്ങാണല്ലോ. വല്ല ടിക്കറ്റും കയറിയാൽ ക്ലീനറുടെ കണ്ണും തുറുത്തിയൊരു നോട്ടമുണ്ട്. അത് കാണുമ്പോഴേ എണീറ്റു പോകും. ഞങ്ങളുടെ നാട്ടുകാരനായ ഒരാളുണ്ടായിരുന്നു അയാൾക്ക്‌ ഞങ്ങൾ ഇരിക്കുന്നത് കണ്ടാലേ കലിപ്പായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ പെട്ടെന്നാരുടേയും കണ്ണെത്താത്ത സ്ഥലത്ത് സീറ്റ്‌ പിടിക്കും. സൈഡ് സീറ്റിൽ കാഴ്ച്ചകളൊക്കെ കണ്ടങ്ങനെ പോകാൻ നല്ല രസമാണ്. 

താമരശ്ശേരി എത്തിയാൽ പിന്നെ ബസ്സിൽ സൂചി കുത്താൻ സ്ഥലമുണ്ടാകില്ല. തിരക്കോട് തിരക്ക്. കോളേജിലേക്കുള്ള കുട്ടികളാവും ഭൂരിഭാഗവും. ഒറ്റനോട്ടത്തിൽ കണ്ടാൽ കോളേജ് ബസ്സാണെന്നേ തോന്നു. എല്ലാവരും കൂടി അള്ളിപ്പിടിച്ചങ്ങനെ പോകും. അതൊരു സുഖമുള്ള യാത്രയാണ്. 

ഇടയ്ക്ക് വല്ല ടിക്കറ്റും കയറിയാൽ കണ്ടക്ടർക്ക് ആ തിരക്കിലൂടെ നൂഴ്ന്നൊരു വരവുണ്ട്, ST കുട്ടന്മാരെ പിടിക്കാൻ. അവര് നമ്മളെ കണ്ടാൽ പിന്നൊരു ചിരിയാണ്. പൊങ്ങിക്കോ എന്നാണതിനർത്ഥം. 

ചമ്മിയ ചിരിയോടെ മെല്ലെ എണീക്കും. ഇരുന്നു കാലുവേദനയായെന്നു പറഞ്ഞ് സ്വയം സമാധാനിക്കും. പക്ഷെ ഇരുന്നിടത്തുനിന്നും എഴുന്നേൽക്കുന്നതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒന്നാമത് നല്ല തിരക്ക്,അതിന് പുറമെ കൈയിൽ നിറയെ ബാഗുണ്ടാകും. ഇരിക്കുന്ന കുട്ടികളുടെ ചുമതലയാണ് മറ്റ് കുട്ടികളുടെ  ബാഗ് പിടിക്കുക എന്നുള്ളത്. അങ്ങനെ ബാഗ് വാങ്ങി വാങ്ങി  ഇരിക്കുന്ന ആളുടെ തലമാത്രം കാണുന്ന കോലത്തിലാകും. ചില ടിക്കറ്റ് ചേച്ചിമാർ സീറ്റ്‌ കിട്ടുന്ന വരെ ചിരിക്കും. അതുകഴിഞ്ഞാൽ പിന്നെ ബാഗ് പിടിക്കാനൊന്നും അവര് കൂട്ടാക്കില്ല. ഈ സീറ്റ്‌ ഞാൻ വരുമ്പോൾ  കൊണ്ടുവന്നതാണെന്ന ധാരണയിൽ അങ്ങനെ ഇരിക്കും.ആ സമയത്ത് ദേഷ്യം പിടിച്ച് ഞങ്ങൾ അവരെ പറ്റി  അടക്കം പറയും.
 
ഇടയ്ക്കുള്ള ബ്രേക്ക്‌ പിടുത്തം നല്ല രസമുള്ള കാര്യമാണ്.ഒറ്റപ്പിടുത്തതിൽ എല്ലാരും അട്ടിക്കിടും.മുന്നിൽ നിൽക്കുന്നവർ തള്ളലുവഴി ഡ്രൈവറോട് കുറച്ചു കുശലം പറഞ്ഞു തിരിച്ചു വരും.മര്യാദയ്ക്ക് നിൽക്കാൻ സ്ഥലമില്ലാതിരുന്നവർ ആ തള്ളലിൽ നിൽക്കാനിടമുണ്ടാക്കും. 

ഈ തിരക്കിനിടയിലും  സൊറ പറയുന്നതാരും 
 കുറയ്ക്കാറില്ല. ക്ലാസ്സ്‌ മുറിയിലെ തമാശകൾ, പരസ്പരം കളിയാക്കൽ, ചളി പറയൽ അങ്ങനെ ഓരോന്ന്. പഞ്ചാരയടിക്കാർ ഈ കാര്യങ്ങളൊന്നും അറിയാതെ അവരുടെ ലോകത്തായിരിക്കും.ബാക്കിയുള്ളവരാകട്ടെ അവരെ ശല്യപ്പെടുത്താനും പോകില്ല.അങ്ങനെ അടിച്ചു പൊളിച്ചങ്ങനെ  ആ യാത്ര.... ഇന്നതെല്ലാം നിറമുള്ള നല്ല ഓർമ്മകളായി......

Memories

കരഞ്ഞു കരഞ്ഞു തളർന്നു, ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ലെന്ന്. ഇവിടിങ്ങനെ  ചുമ്മാ തെക്ക് വടക്ക് നോക്കിയിരിക്കുമ്പോഴാണ് ഒരു മോഹം തോന്നിയത്,  എന്റെ പഴയ ഫോട്ടോ കാണണം.അതിനും കാരണമുണ്ട് ഇപ്പോൾ ഈ ലോക്ക് ഡൗൺ സമയത്തുള്ള ഒരു ട്രെൻഡ് ആണല്ലോ,  പഴയ ഫോട്ടോ കുത്തിപ്പൊക്കി ചലഞ്ചു  ചെയ്യുന്നത്.

 മനസ്സിൽ ഇരച്ചുകയറിയ  ആഗ്രഹത്തിന്റെ തീയാറും മുൻപേ ഫോട്ടോ കിട്ടാൻ ഓരോ വഴികൾ തേടി. അപ്പോഴാണ് വയസ്സനെ  ഓൺലൈനിൽ കണ്ടത്. 

" മ്മടെ കോളേജ് ഫോട്ടോകൾ എനിക്ക് ഒന്ന് അയച്ചു താ ഇപ്പോൾതന്നെ.... വേഗം വേണം.. "

അവൻ എന്തൊക്കെയോ മറുപടി പറഞ്ഞു. എനിക്ക് അതൊന്നും കേൾക്കാനുള്ള ക്ഷമ ഇല്ലായിരുന്നു.കുറച്ചു സമയത്തെ കാത്തിരിപ്പിനുശേഷം ഫോട്ടോ കിട്ടി.

ഒത്തിരി ആകാംക്ഷയോടെ കാണാൻ തുടങ്ങി. മനസ്സിലേക്ക് ഓർമ്മകളുടെ തള്ളിക്കയറ്റമായിരുന്നു. പത്തു  വർഷങ്ങൾക്കിപ്പുറം പതിയെ മറന്നു പോയ പല നിമിഷങ്ങളും മനസ്സിൽ തെളിഞ്ഞുവരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണനിമിഷങ്ങൾ.

ആ  വസന്തകാലത്തെ ഓർമകളിൽ  ഞാൻ പൊട്ടിക്കരഞ്ഞു,  മതിയാവോളം... 

അതൊരു കാലം.ആ  മൂന്നു വർഷങ്ങൾ,  അവിടുത്തെ  ഓരോ നിമിഷത്തിനും എന്തൊരു  സൗന്ദര്യമായിരുന്നു

 കലാലയ ജീവിതമാണ്  ഏറ്റവും നല്ല കാലഘട്ടം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതങ്ങനെ തോന്നണമെങ്കിൽ,  അത്രത്തോളം ആസ്വദിച്ചിട്ടുണ്ടാവണം.

 ഞങ്ങളുടെ കോളേജ്...ജി.സി.കെ അവിടെയുള്ള ഓരോ നിമിഷവും  ഏറ്റവും നന്നായി തന്നെ ആഘോഷിച്ചിട്ടുണ്ട്.ആ കാര്യത്തിൽ ഒട്ടും തന്നെ  നഷ്ടബോധമില്ല.

 ഞങ്ങളുടെ പുലിമടയിൽ  "ചാട്ടി "മോളായി  ജീവിച്ച ഓർമ്മകൾ എത്രത്തോളം സുന്ദരമായിരുന്നുവെന്ന്  പറഞ്ഞറിയിക്കാൻ പറ്റില്ല... ഒരു ദിവസമെങ്കിലും ആ  പഴയ കാലത്തേക്കൊന്ന്  തിരിച്ചുപോകാൻ പറ്റിയിരുന്നെങ്കിൽ.... !!!!

അപരിചിത"

"അപരിചിത"

ജീവിതത്തിലെ ചില കാഴ്ചകൾ നമ്മുടെ കണ്ണു തുറപ്പിക്കും.അതുപക്ഷേ ഒരിക്കലും കാണരുതേ എന്നു നമ്മളാഗ്രഹിക്കുന്ന പലതും കാണുമ്പോളായിരിക്കും. കഥകളിലും വാർത്തകളിലും മാത്രം കേട്ടു മറന്ന ചില കഥാപാത്രങ്ങൾ ജീവിതത്തിൽ മുഖാമുഖം വരുമ്പോൾ പകച്ചുപോകുന്നത് ഞാൻ മാത്രമല്ലെന്നു തോന്നുന്നു.
"ഇവിടെനിന്നും പോകാനല്ലേ പറഞ്ഞത്... ദൂരെ പോകാൻ... നിന്നെപ്പോലുള്ളവർക്കുള്ള സ്ഥലമല്ലിത് "
പൊതുവെ കാലത്തെഴുന്നേൽക്കാൻ മടിയുള്ള ഞാൻ അന്ന് പക്ഷേ അലാറം പോലുമില്ലാതെ ഉണർന്നു. എഴുന്നേൽക്കാൻ ഒട്ടും സമ്മതമില്ലെങ്കിൽ കൂടിയും ജനാല തുറന്നു താഴെ എന്താണ് നടക്കുന്നതെന്നറിയാൻ ഒരു ശ്രമം നടത്തി ...

ഹാ......ഗുഡ് മോർണിങ്....
ഉദയസൂര്യന്റെ പ്രഭാവലയങ്ങളുടെ അകമ്പടിയോടെ പ്രതീക്ഷയുടെ പുതിയ പുലരിയെന്നെ സ്വാഗതം ചെയ്തു. മന്ദമാരുതനാകട്ടെ സ്നേഹാലിംഗനങ്ങൾ കൊണ്ടെന്റെ ഉള്ളു കുളിർപ്പിച്ചു....

ആരെയും കാണുന്നില്ലല്ലോ ....

" നിന്നോടല്ലേ പോകാൻ പറഞ്ഞത് ആ വടിയെടുത്തോടിക്ക്"
ആരാകും?
സ്ഥലത്തെ സ്ഥിര മദ്യപന്മാർ വല്ല കുഴപ്പവും ഒപ്പിച്ചു കാണുമോ?
ഞാൻ തേടി ചെന്നതു താഴെ ഫ്ലാറ്റിന്റെ പിന്നാമ്പുറത്തേക്കാണ്. അവിടെ ഫ്ലാറ്റിലെ കുറച്ചാളുകൾ കൂടി നിൽക്കുന്നു. താഴത്തെ ഫ്ലാറ്റിലെ സുധാമ്മയോടൊപ്പം ഒരു സ്ത്രീ കൂടി നിൽപ്പുണ്ട്.
അവരെ കണ്ടതും ഒരു നിമിഷം ഞാനും സ്തബ്ധയായി നിന്നു പോയി.
' ഇരുണ്ടനിറത്തിൽ ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളും.. പാറിപ്പറന്ന തലമുടിയിഴകൾ അലസമായി മുഖത്തേക്ക് ചാഞ്ഞിരിക്കുന്നു.രണ്ടോ മൂന്നോ ബട്ടൺസുള്ള ഒറ്റ ഷർട്ടുമാത്രമാണ് വേഷം. അതാകട്ടെ അവിടവിടെ കീറിപറഞ്ഞിരിക്കുന്നു. പരസ്പ്പര വിരുദ്ധമായി സംസാരിക്കുകയും ഇടയ്ക്ക് പൊട്ടിച്ചിരിക്കുകയും ചെയുന്ന ആ സ്ത്രീയുടെ മുൻനിരയിലെ പല്ലൊരെണ്ണമില്ല. ആൾക്കൂട്ടവും ആക്രോശവും ശ്രദ്ധിക്കാതെ അലക്ഷ്യമായി ഓടിനടക്കുകയും കുപ്പയിലെ പ്ലാസ്റ്റിക് കുപ്പി പെറുക്കി എടുത്തു നൃത്തം ചെയ്യുകയും ചെയ്യുന്ന അവർക്കു സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു.
മതിയായ വസ്ത്രമില്ലാത്തതിനാലാകാം അവരെ ഓടിച്ചു വിടുന്നത് തോന്നി.
ഞാൻ പെട്ടെന്ന് മുറിയിലേക്കോടി. പഴയൊരു ചുരിദാറിന്റെ പൈജാമ എടുത്ത് താഴേക്കു വന്നു. ആദ്യം അവർക്കു ചെയ്തു കൊടുക്കേണ്ടതിതാണെന്നു തോന്നി. അത് മാത്രമേ അപ്പോൾ മനസ്സിൽ തോന്നിയുള്ളു. അറിയാവുന്ന ആഗ്യഭാഷയിൽ അവർക്കത് കൊടുത്തിട്ടു ധരിക്കാനാവശ്യപ്പെട്ടു. ഒരാക്ഷേപവുമില്ലാതെ അവരതു വാങ്ങി ധരിച്ചു.
ഒത്തിരി ആശ്വാസവും സന്തോഷവും മനസ്സിൽ തോന്നി.
ഒരപരിചിതയോടു തോന്നിയേക്കാവുന്ന സ്വാഭാവിക സഹതാപത്തിൽ അവരോടു എനിക്കറിയാവുന്ന ഭാഷയിൽ നാടും വീടും തിരക്കി.
ഒത്തിരിനേരത്തെ ആലോചനയ്ക്കു ശേഷം അവർ സംസാരിക്കാൻ തുടങ്ങി.
" എനിക്ക് ഊട്ടിയിൽ പോകണം "
പറഞ്ഞത് പക്ഷേ മലയാളത്തിലാണ്!!!
എനിക്കപ്പോൾ തലയിൽ വെള്ളിടി വെട്ടുന്നതായി തോന്നി. ദൈവമേ... നാട്ടിൽ നിന്നൊരാൾ  ഇത്രയും ദൂരത്തു വന്ന് മതിയായ വസ്ത്രം കൂടി ഇല്ലാതെ അലഞ്ഞു തിരിഞ്ഞ് നടന്ന് എന്തെല്ലാമോ കാണിച്ചുകൂട്ടുന്നു.
ഈ ലോകത്ത് ഇവരെ പോലെ ഒത്തിരി പേരുണ്ടാകും. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്. റോഡിൽ ഭിക്ഷ യാചിക്കുന്ന ഒത്തിരി പേരെ കണ്ടിട്ടുണ്ട് അവരെയൊന്നും ഓർത്ത് ഇത്രയ്ക്കു ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ബോധത്തിൽ ഒരു സ്ത്രീ മറയ്ക്കനാഗ്രഹിക്കുന്നതെന്തോ അതറിയാതെ മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ചക്കാരിയായി നില്ക്കുന്നത്, ഞാനെന്ന സ്ത്രീക്ക് എങ്ങനെ കണ്ടു നില്ക്കാനാകും!
ഒരു പക്ഷേ ആരുടെയോ വാക്കുകൾ വിശ്വസിച്ച് കൂടെപോയപ്പോൾ ചതിക്കപ്പെട്ട് വഴിയിലുപേക്ഷിച്ചതാവാം. അതുമല്ലെങ്കിൽ സ്വബോധമില്ലാതെ ഇറങ്ങി നടന്നപ്പോൾ ആരെങ്കിലും ചൂഷണം ചെയ്തു ഉപേക്ഷിച്ചിരിക്കണം.
******
തിരിച്ചു റൂമിൽ വന്നു റെഡിയായി ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോൾ കൈയിൽ രണ്ടു പഴം കരുതി. വഴിയിൽ കാണുകയാണെങ്കിൽ കൊടുക്കാമെന്നു കരുതി.
*****
ദാ... അവരവിടെ പ്ലാറ്റ്ഫോമിൽ കയറി കൈ കൊട്ടിക്കളിക്കുന്നു. ഒറ്റച്ചാട്ടത്തിന് താഴെ ഇറങ്ങി വഴിയിലൂടെ പോകുന്നവരുടെ പിന്നാലെ ഓടുന്നു. ചെറിയ കുട്ടികളെപ്പോലെ ഓടികളിക്കുന്നു. ദൈവത്തിന്റെ തമാശകൾ പോലും !!
ഓടിവരുന്നത് കണ്ട് ഞാൻ വഴിയോരം ചേർന്നുനടന്നു.എനിക്ക് തെല്ലു പരിഭ്രമം തോന്നി.
വരുന്ന വഴിയിൽ അവരെ റെസ്ക്യൂ ഹോമിൽ കൊണ്ടുപോകാൻ തീരുമാനമായെന്നു അറിഞ്ഞപ്പോൾ ആശ്വാസം തോന്നി.
" ആ സ്ത്രീ എവിടെ? എന്നോട് വിശക്കുന്നെന്നു പറഞ്ഞു ഞാൻ ഭക്ഷണം വാങ്ങി വരുമ്പോഴേക്കും ആളെ കാണുന്നില്ല "
ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ മനുഷ്യന്മാർ.... അവർക്കുള്ള ഭക്ഷണം വാങ്ങി വന്നിട്ട് അതു കൊടുക്കാൻ ആളെ തേടിയിറങ്ങിയതാണ്. അദ്ദേഹത്തെ മനസ്സിൽ ഒരായിരം തവണ തൊഴുതു. സ്വബോധമില്ലാത്ത അവർക്ക് വിശപ്പും ദാഹവുമൊക്കെ അറിയാവോ എന്തോ??
ഇത്തരം പരീക്ഷണങ്ങൾ ഇനിയും കാണാനിടവരുത്തരുതേ എന്നു മാത്രം പ്രാർത്ഥിക്കാനാണ് അപ്പോൾ തോന്നിയത്‌. ദൈവം നമ്മൾക്കു സമ്മാനിക്കുന്ന സ്വയം തിരിച്ചറിവിനിടവരുത്തുന്ന പൊള്ളുന്ന ജീവിത നേർകാഴ്ചകൾ!!!
******
പതിവിലും നേരത്തെ ഡ്യൂട്ടി കഴിഞ്ഞിറങ്ങി റൂമിലേക്കു നടന്നു.
സ്റ്റേഷനിൽ നിറയെ ആളുകളാണ്. ചെറുതും വലുതുമായ ബാഗുകൾ തൂക്കി അവിടവിടായി ട്രെയിനെ പ്രതീക്ഷിച്ചു നില്ക്കുന്നവർ. എല്ലാവരും കൂടി എങ്ങോട്ടാണോ ആവോ?
ഹാ... വെസ്റ്റ് വരാൻ സമയമായെന്നു തോന്നുന്നു. നാട്ടിലേക്കുള്ള ട്രെയിൻ  കാണുമ്പോൾ മനസ്സിനൊരു ചാഞ്ചാട്ടം പതിവാണ്.
കയറിയങ്ങു പോയാലോ.. പുലരും മുൻപേ നാടെത്തും. എനിക്കും പോകാം... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ മതി ഞാൻ സ്വയം ആശ്വസിപ്പിച്ചു..

ഏതോ ഒരു ട്രെയിൻ ഓടികിതച്ചു വരുന്നുണ്ട്.
ഗുഡ്സ് ആണ്. മുതുകിൽ കൽക്കരിയും പേറി ഇനി എത്ര ദൂരം ഓടണമാവോ?
സ്റ്റേഷനിലൂടെ കാഴ്ചകൾ കണ്ടങ്ങനെ നടക്കുന്നതിനിടയിലാണ് പരിചിതമായൊരു മുഖം കണ്ണിലുടക്കിയത്.
അതവരല്ലേ...??!!!അവസാനമായി ഒരിക്കൽ കൂടി അവരെ ഞാൻ കണ്ടു. നീല സാരിയുടുത്ത് ബോബു ചെയ്ത മുടി കോതിഒതുക്കി വച്ചിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറിയിട്ട് ചുണ്ടിൽ ചെറു പുഞ്ചിരിയോടെ സൗമ്യമായി സംസാരിക്കുന്ന ചേച്ചി.രണ്ടുമാസം നീണ്ട പരിചരണങ്ങൾക്കും ചികിത്സകൾക്കും ശേഷം അവർ ജീവിതത്തിലേക്കു മടങ്ങി വന്നു.
 തന്റെ കുടുംബാംഗങ്ങളുടെ കൂടെ നാട്ടിലേക്കു വണ്ടികയറാൻ നിൽക്കുകയാണ് പകുതിക്കു വച്ചു നിന്നുപോയ ജീവിതം തിരികെ പിടിക്കാൻ.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തികച്ചും യാദൃച്ഛികമായി കണ്ടു മുട്ടിയ ആ 'അപരിചിത എപ്പോഴോ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നുവെന്നു തോന്നി.ഈശ്വരന് ഒരായിരം നന്ദി. ചില പച്ചയായ ജീവിത യാഥാർഥ്യങ്ങളിൽകൂടി കടന്നു പോകുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത്.ചെറിയ നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമായേക്കാം...
" ഒരു ചെറുതിരിയായെങ്കിലും ജ്വലിക്കുവാൻ കഴിയുന്നതെത്ര പുണ്യം "
ഹോൺ മുഴങ്ങി.... നിറമുള്ള ഒത്തിരി സ്വപ്നങ്ങളേയും പ്രതീക്ഷകളേയും ചേർത്തുപിടിച്ചുകൊണ്ട് ... ട്രെയിൻ പതിയെ നീങ്ങിതുടങ്ങി........

ശുഭം!!!!

My Mother


Mother is love
Full of kind & confusion 
The light of truth
And the stream of love
Has a loving heart 
An unblemished mind 
The symbol of purity
Sea of fondness 
She is sure footed
Has an untiring nature
The angel of heaven 
That's my mother 

ക്വാറന്റൈൻ: ഒരു ഓർമ്മക്കുറിപ്പ്




ക്ഷയേട്ടനാണ് വിളിക്കുന്നത്. ഗാഢമായ ഉറക്കത്തിൽ നിന്ന് ഞാൻ മെല്ലെ എണീറ്റു. കണ്ണു തിരുമ്മി ഫോൺ എടുത്തു.

"ന്യൂസ്‌ കേട്ടോ?  

ഇന്ത്യയിലെ ലോക്ക് ഡൌൺ ഇനിയും നീളുമത്രേ." 


നീളും എന്നുപറഞ്ഞാൽ എത്രകാലം വരെ എന്ന് ഉറപ്പില്ല. തലയിൽ വെള്ളിടി വെട്ടുന്നതായി എനിക്കു തോന്നി. ഞാനാകെ വിയർത്തു കുളിച്ചു. കരയാൻ പോലും ആകാതെ ഒറ്റയിരിപ്പാണ്.

എന്തിനു വേണ്ടിയായിരുന്നു വന്നത്എത്ര മാത്രം റിസ്ക് എടുത്തിട്ടാണെന്നോ തലേന്ന് ട്രെയിൻ കയറി ഇവിടെ എത്തിയത്. സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. നിന്നിടത്തു നിന്നും ഒന്നനങ്ങാൻ പോലും തോന്നിയില്ല.

നാട്ടിൽ  നിന്നും  വരുമ്പോൾ കൊണ്ടുവന്ന ട്രാവെൽ ബാഗിലെ സാധനങ്ങൾ പുറത്തേക്ക് എടുത്തു വച്ചിട്ട് പോലും ഇല്ല.  സാധങ്ങൾ എന്നു പറയുമ്പോൾ അധികം ഒന്നും ഇല്ല മധുര മിക്സ്‌ച്ചറും ശർക്കര ഉപ്പേരിയും തേങ്ങയും. പിന്നെ കുറച്ചു ഡ്രെസ്സും. മധുര മിക്സ്‌ച്ചർ കഴിക്കാൻ കൊതിയാവുന്നു എന്നു പറഞ്ഞപ്പോൾ വരുന്ന വഴിക്ക് അക്ഷയേട്ടൻ വാങ്ങി തന്നതാണ്.

ഇനി എന്തുചെയ്യുമെന്ന് ഒരു രൂപവും കിട്ടുന്നില്ല.
വരേണ്ടിയിരുന്നില്ല...... 



തുടർന്നു വായിക്കാൻ താഴെയുള്ള ലിങ്കിൽ നിന്നും pdf ഡൌൺലോഡ് ചെയ്തെടുക്കാം