വെസ്റ്റേൺ
വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ബസ്സിന് പോകാനുണ്ട് കോളേജിലേക്ക്.
അക്കാലത്ത്, നേരിട്ട് പോകാൻ രാവിലെ രണ്ട് ബസുകളാണുണ്ടായിരുന്നത്. വെസ്റ്റേണും റിലൈൻസും. അതിൽ വെസ്റ്റേൺ താമരശ്ശേരി വഴിയും റിലൈൻസ് ഓമശ്ശേരി വഴിയുമാണ് പോകുക.
പതിവായി ഞങ്ങൾ കയറിയിരുന്നത് വെസ്റ്റേണിലാണ്. അത് വലിയ ബസ്സാണ്, ആദ്യം വരുന്നതുമതാണ്. അതിനെല്ലാമുപരി ആ ബസ്സിന്റെ മുതലാളി എന്റെ സ്വന്തം നാട്ടുകാരനായ അബ്ബാസിക്കയാണ്.
എന്റെ സ്റ്റോപ്പിൽ എത്തുമ്പോൾ ബസ്സ് പൊതുവെ ഒഴിഞ്ഞു കിടക്കും. ഇഷ്ടം പോലെ സീറ്റുണ്ടാകും ഞങ്ങൾ നടുഭാഗത്തുള്ള സീറ്റിൽ സ്ഥാനം പിടിക്കും. അതിനൊരു കാരണമുണ്ട്, ടിക്കറ്റ് എടുക്കുന്ന ആൾക്കാർ വരുമ്പോൾ ST കുട്ടികൾ എണീറ്റു കൊടുക്കണം. അതന്നും ഇന്നും നടന്നു പോകുന്നൊരു ചടങ്ങാണല്ലോ. വല്ല ടിക്കറ്റും കയറിയാൽ ക്ലീനറുടെ കണ്ണും തുറുത്തിയൊരു നോട്ടമുണ്ട്. അത് കാണുമ്പോഴേ എണീറ്റു പോകും. ഞങ്ങളുടെ നാട്ടുകാരനായ ഒരാളുണ്ടായിരുന്നു അയാൾക്ക് ഞങ്ങൾ ഇരിക്കുന്നത് കണ്ടാലേ കലിപ്പായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ പെട്ടെന്നാരുടേയും കണ്ണെത്താത്ത സ്ഥലത്ത് സീറ്റ് പിടിക്കും. സൈഡ് സീറ്റിൽ കാഴ്ച്ചകളൊക്കെ കണ്ടങ്ങനെ പോകാൻ നല്ല രസമാണ്.
താമരശ്ശേരി എത്തിയാൽ പിന്നെ ബസ്സിൽ സൂചി കുത്താൻ സ്ഥലമുണ്ടാകില്ല. തിരക്കോട് തിരക്ക്. കോളേജിലേക്കുള്ള കുട്ടികളാവും ഭൂരിഭാഗവും. ഒറ്റനോട്ടത്തിൽ കണ്ടാൽ കോളേജ് ബസ്സാണെന്നേ തോന്നു. എല്ലാവരും കൂടി അള്ളിപ്പിടിച്ചങ്ങനെ പോകും. അതൊരു സുഖമുള്ള യാത്രയാണ്.
ഇടയ്ക്ക് വല്ല ടിക്കറ്റും കയറിയാൽ കണ്ടക്ടർക്ക് ആ തിരക്കിലൂടെ നൂഴ്ന്നൊരു വരവുണ്ട്, ST കുട്ടന്മാരെ പിടിക്കാൻ. അവര് നമ്മളെ കണ്ടാൽ പിന്നൊരു ചിരിയാണ്. പൊങ്ങിക്കോ എന്നാണതിനർത്ഥം.
ചമ്മിയ ചിരിയോടെ മെല്ലെ എണീക്കും. ഇരുന്നു കാലുവേദനയായെന്നു പറഞ്ഞ് സ്വയം സമാധാനിക്കും. പക്ഷെ ഇരുന്നിടത്തുനിന്നും എഴുന്നേൽക്കുന്നതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒന്നാമത് നല്ല തിരക്ക്,അതിന് പുറമെ കൈയിൽ നിറയെ ബാഗുണ്ടാകും. ഇരിക്കുന്ന കുട്ടികളുടെ ചുമതലയാണ് മറ്റ് കുട്ടികളുടെ ബാഗ് പിടിക്കുക എന്നുള്ളത്. അങ്ങനെ ബാഗ് വാങ്ങി വാങ്ങി ഇരിക്കുന്ന ആളുടെ തലമാത്രം കാണുന്ന കോലത്തിലാകും. ചില ടിക്കറ്റ് ചേച്ചിമാർ സീറ്റ് കിട്ടുന്ന വരെ ചിരിക്കും. അതുകഴിഞ്ഞാൽ പിന്നെ ബാഗ് പിടിക്കാനൊന്നും അവര് കൂട്ടാക്കില്ല. ഈ സീറ്റ് ഞാൻ വരുമ്പോൾ കൊണ്ടുവന്നതാണെന്ന ധാരണയിൽ അങ്ങനെ ഇരിക്കും.ആ സമയത്ത് ദേഷ്യം പിടിച്ച് ഞങ്ങൾ അവരെ പറ്റി അടക്കം പറയും.
ഇടയ്ക്കുള്ള ബ്രേക്ക് പിടുത്തം നല്ല രസമുള്ള കാര്യമാണ്.ഒറ്റപ്പിടുത്തതിൽ എല്ലാരും അട്ടിക്കിടും.മുന്നിൽ നിൽക്കുന്നവർ തള്ളലുവഴി ഡ്രൈവറോട് കുറച്ചു കുശലം പറഞ്ഞു തിരിച്ചു വരും.മര്യാദയ്ക്ക് നിൽക്കാൻ സ്ഥലമില്ലാതിരുന്നവർ ആ തള്ളലിൽ നിൽക്കാനിടമുണ്ടാക്കും.
ഈ തിരക്കിനിടയിലും സൊറ പറയുന്നതാരും
കുറയ്ക്കാറില്ല. ക്ലാസ്സ് മുറിയിലെ തമാശകൾ, പരസ്പരം കളിയാക്കൽ, ചളി പറയൽ അങ്ങനെ ഓരോന്ന്. പഞ്ചാരയടിക്കാർ ഈ കാര്യങ്ങളൊന്നും അറിയാതെ അവരുടെ ലോകത്തായിരിക്കും.ബാക്കിയുള്ളവരാകട്ടെ അവരെ ശല്യപ്പെടുത്താനും പോകില്ല.അങ്ങനെ അടിച്ചു പൊളിച്ചങ്ങനെ ആ യാത്ര.... ഇന്നതെല്ലാം നിറമുള്ള നല്ല ഓർമ്മകളായി......
0 comments: