അപരിചിത"

6:52 PM 0 Comments

"അപരിചിത"

ജീവിതത്തിലെ ചില കാഴ്ചകൾ നമ്മുടെ കണ്ണു തുറപ്പിക്കും.അതുപക്ഷേ ഒരിക്കലും കാണരുതേ എന്നു നമ്മളാഗ്രഹിക്കുന്ന പലതും കാണുമ്പോളായിരിക്കും. കഥകളിലും വാർത്തകളിലും മാത്രം കേട്ടു മറന്ന ചില കഥാപാത്രങ്ങൾ ജീവിതത്തിൽ മുഖാമുഖം വരുമ്പോൾ പകച്ചുപോകുന്നത് ഞാൻ മാത്രമല്ലെന്നു തോന്നുന്നു.
"ഇവിടെനിന്നും പോകാനല്ലേ പറഞ്ഞത്... ദൂരെ പോകാൻ... നിന്നെപ്പോലുള്ളവർക്കുള്ള സ്ഥലമല്ലിത് "
പൊതുവെ കാലത്തെഴുന്നേൽക്കാൻ മടിയുള്ള ഞാൻ അന്ന് പക്ഷേ അലാറം പോലുമില്ലാതെ ഉണർന്നു. എഴുന്നേൽക്കാൻ ഒട്ടും സമ്മതമില്ലെങ്കിൽ കൂടിയും ജനാല തുറന്നു താഴെ എന്താണ് നടക്കുന്നതെന്നറിയാൻ ഒരു ശ്രമം നടത്തി ...

ഹാ......ഗുഡ് മോർണിങ്....
ഉദയസൂര്യന്റെ പ്രഭാവലയങ്ങളുടെ അകമ്പടിയോടെ പ്രതീക്ഷയുടെ പുതിയ പുലരിയെന്നെ സ്വാഗതം ചെയ്തു. മന്ദമാരുതനാകട്ടെ സ്നേഹാലിംഗനങ്ങൾ കൊണ്ടെന്റെ ഉള്ളു കുളിർപ്പിച്ചു....

ആരെയും കാണുന്നില്ലല്ലോ ....

" നിന്നോടല്ലേ പോകാൻ പറഞ്ഞത് ആ വടിയെടുത്തോടിക്ക്"
ആരാകും?
സ്ഥലത്തെ സ്ഥിര മദ്യപന്മാർ വല്ല കുഴപ്പവും ഒപ്പിച്ചു കാണുമോ?
ഞാൻ തേടി ചെന്നതു താഴെ ഫ്ലാറ്റിന്റെ പിന്നാമ്പുറത്തേക്കാണ്. അവിടെ ഫ്ലാറ്റിലെ കുറച്ചാളുകൾ കൂടി നിൽക്കുന്നു. താഴത്തെ ഫ്ലാറ്റിലെ സുധാമ്മയോടൊപ്പം ഒരു സ്ത്രീ കൂടി നിൽപ്പുണ്ട്.
അവരെ കണ്ടതും ഒരു നിമിഷം ഞാനും സ്തബ്ധയായി നിന്നു പോയി.
' ഇരുണ്ടനിറത്തിൽ ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളും.. പാറിപ്പറന്ന തലമുടിയിഴകൾ അലസമായി മുഖത്തേക്ക് ചാഞ്ഞിരിക്കുന്നു.രണ്ടോ മൂന്നോ ബട്ടൺസുള്ള ഒറ്റ ഷർട്ടുമാത്രമാണ് വേഷം. അതാകട്ടെ അവിടവിടെ കീറിപറഞ്ഞിരിക്കുന്നു. പരസ്പ്പര വിരുദ്ധമായി സംസാരിക്കുകയും ഇടയ്ക്ക് പൊട്ടിച്ചിരിക്കുകയും ചെയുന്ന ആ സ്ത്രീയുടെ മുൻനിരയിലെ പല്ലൊരെണ്ണമില്ല. ആൾക്കൂട്ടവും ആക്രോശവും ശ്രദ്ധിക്കാതെ അലക്ഷ്യമായി ഓടിനടക്കുകയും കുപ്പയിലെ പ്ലാസ്റ്റിക് കുപ്പി പെറുക്കി എടുത്തു നൃത്തം ചെയ്യുകയും ചെയ്യുന്ന അവർക്കു സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു.
മതിയായ വസ്ത്രമില്ലാത്തതിനാലാകാം അവരെ ഓടിച്ചു വിടുന്നത് തോന്നി.
ഞാൻ പെട്ടെന്ന് മുറിയിലേക്കോടി. പഴയൊരു ചുരിദാറിന്റെ പൈജാമ എടുത്ത് താഴേക്കു വന്നു. ആദ്യം അവർക്കു ചെയ്തു കൊടുക്കേണ്ടതിതാണെന്നു തോന്നി. അത് മാത്രമേ അപ്പോൾ മനസ്സിൽ തോന്നിയുള്ളു. അറിയാവുന്ന ആഗ്യഭാഷയിൽ അവർക്കത് കൊടുത്തിട്ടു ധരിക്കാനാവശ്യപ്പെട്ടു. ഒരാക്ഷേപവുമില്ലാതെ അവരതു വാങ്ങി ധരിച്ചു.
ഒത്തിരി ആശ്വാസവും സന്തോഷവും മനസ്സിൽ തോന്നി.
ഒരപരിചിതയോടു തോന്നിയേക്കാവുന്ന സ്വാഭാവിക സഹതാപത്തിൽ അവരോടു എനിക്കറിയാവുന്ന ഭാഷയിൽ നാടും വീടും തിരക്കി.
ഒത്തിരിനേരത്തെ ആലോചനയ്ക്കു ശേഷം അവർ സംസാരിക്കാൻ തുടങ്ങി.
" എനിക്ക് ഊട്ടിയിൽ പോകണം "
പറഞ്ഞത് പക്ഷേ മലയാളത്തിലാണ്!!!
എനിക്കപ്പോൾ തലയിൽ വെള്ളിടി വെട്ടുന്നതായി തോന്നി. ദൈവമേ... നാട്ടിൽ നിന്നൊരാൾ  ഇത്രയും ദൂരത്തു വന്ന് മതിയായ വസ്ത്രം കൂടി ഇല്ലാതെ അലഞ്ഞു തിരിഞ്ഞ് നടന്ന് എന്തെല്ലാമോ കാണിച്ചുകൂട്ടുന്നു.
ഈ ലോകത്ത് ഇവരെ പോലെ ഒത്തിരി പേരുണ്ടാകും. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്. റോഡിൽ ഭിക്ഷ യാചിക്കുന്ന ഒത്തിരി പേരെ കണ്ടിട്ടുണ്ട് അവരെയൊന്നും ഓർത്ത് ഇത്രയ്ക്കു ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ബോധത്തിൽ ഒരു സ്ത്രീ മറയ്ക്കനാഗ്രഹിക്കുന്നതെന്തോ അതറിയാതെ മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ചക്കാരിയായി നില്ക്കുന്നത്, ഞാനെന്ന സ്ത്രീക്ക് എങ്ങനെ കണ്ടു നില്ക്കാനാകും!
ഒരു പക്ഷേ ആരുടെയോ വാക്കുകൾ വിശ്വസിച്ച് കൂടെപോയപ്പോൾ ചതിക്കപ്പെട്ട് വഴിയിലുപേക്ഷിച്ചതാവാം. അതുമല്ലെങ്കിൽ സ്വബോധമില്ലാതെ ഇറങ്ങി നടന്നപ്പോൾ ആരെങ്കിലും ചൂഷണം ചെയ്തു ഉപേക്ഷിച്ചിരിക്കണം.
******
തിരിച്ചു റൂമിൽ വന്നു റെഡിയായി ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോൾ കൈയിൽ രണ്ടു പഴം കരുതി. വഴിയിൽ കാണുകയാണെങ്കിൽ കൊടുക്കാമെന്നു കരുതി.
*****
ദാ... അവരവിടെ പ്ലാറ്റ്ഫോമിൽ കയറി കൈ കൊട്ടിക്കളിക്കുന്നു. ഒറ്റച്ചാട്ടത്തിന് താഴെ ഇറങ്ങി വഴിയിലൂടെ പോകുന്നവരുടെ പിന്നാലെ ഓടുന്നു. ചെറിയ കുട്ടികളെപ്പോലെ ഓടികളിക്കുന്നു. ദൈവത്തിന്റെ തമാശകൾ പോലും !!
ഓടിവരുന്നത് കണ്ട് ഞാൻ വഴിയോരം ചേർന്നുനടന്നു.എനിക്ക് തെല്ലു പരിഭ്രമം തോന്നി.
വരുന്ന വഴിയിൽ അവരെ റെസ്ക്യൂ ഹോമിൽ കൊണ്ടുപോകാൻ തീരുമാനമായെന്നു അറിഞ്ഞപ്പോൾ ആശ്വാസം തോന്നി.
" ആ സ്ത്രീ എവിടെ? എന്നോട് വിശക്കുന്നെന്നു പറഞ്ഞു ഞാൻ ഭക്ഷണം വാങ്ങി വരുമ്പോഴേക്കും ആളെ കാണുന്നില്ല "
ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ മനുഷ്യന്മാർ.... അവർക്കുള്ള ഭക്ഷണം വാങ്ങി വന്നിട്ട് അതു കൊടുക്കാൻ ആളെ തേടിയിറങ്ങിയതാണ്. അദ്ദേഹത്തെ മനസ്സിൽ ഒരായിരം തവണ തൊഴുതു. സ്വബോധമില്ലാത്ത അവർക്ക് വിശപ്പും ദാഹവുമൊക്കെ അറിയാവോ എന്തോ??
ഇത്തരം പരീക്ഷണങ്ങൾ ഇനിയും കാണാനിടവരുത്തരുതേ എന്നു മാത്രം പ്രാർത്ഥിക്കാനാണ് അപ്പോൾ തോന്നിയത്‌. ദൈവം നമ്മൾക്കു സമ്മാനിക്കുന്ന സ്വയം തിരിച്ചറിവിനിടവരുത്തുന്ന പൊള്ളുന്ന ജീവിത നേർകാഴ്ചകൾ!!!
******
പതിവിലും നേരത്തെ ഡ്യൂട്ടി കഴിഞ്ഞിറങ്ങി റൂമിലേക്കു നടന്നു.
സ്റ്റേഷനിൽ നിറയെ ആളുകളാണ്. ചെറുതും വലുതുമായ ബാഗുകൾ തൂക്കി അവിടവിടായി ട്രെയിനെ പ്രതീക്ഷിച്ചു നില്ക്കുന്നവർ. എല്ലാവരും കൂടി എങ്ങോട്ടാണോ ആവോ?
ഹാ... വെസ്റ്റ് വരാൻ സമയമായെന്നു തോന്നുന്നു. നാട്ടിലേക്കുള്ള ട്രെയിൻ  കാണുമ്പോൾ മനസ്സിനൊരു ചാഞ്ചാട്ടം പതിവാണ്.
കയറിയങ്ങു പോയാലോ.. പുലരും മുൻപേ നാടെത്തും. എനിക്കും പോകാം... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ മതി ഞാൻ സ്വയം ആശ്വസിപ്പിച്ചു..

ഏതോ ഒരു ട്രെയിൻ ഓടികിതച്ചു വരുന്നുണ്ട്.
ഗുഡ്സ് ആണ്. മുതുകിൽ കൽക്കരിയും പേറി ഇനി എത്ര ദൂരം ഓടണമാവോ?
സ്റ്റേഷനിലൂടെ കാഴ്ചകൾ കണ്ടങ്ങനെ നടക്കുന്നതിനിടയിലാണ് പരിചിതമായൊരു മുഖം കണ്ണിലുടക്കിയത്.
അതവരല്ലേ...??!!!അവസാനമായി ഒരിക്കൽ കൂടി അവരെ ഞാൻ കണ്ടു. നീല സാരിയുടുത്ത് ബോബു ചെയ്ത മുടി കോതിഒതുക്കി വച്ചിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറിയിട്ട് ചുണ്ടിൽ ചെറു പുഞ്ചിരിയോടെ സൗമ്യമായി സംസാരിക്കുന്ന ചേച്ചി.രണ്ടുമാസം നീണ്ട പരിചരണങ്ങൾക്കും ചികിത്സകൾക്കും ശേഷം അവർ ജീവിതത്തിലേക്കു മടങ്ങി വന്നു.
 തന്റെ കുടുംബാംഗങ്ങളുടെ കൂടെ നാട്ടിലേക്കു വണ്ടികയറാൻ നിൽക്കുകയാണ് പകുതിക്കു വച്ചു നിന്നുപോയ ജീവിതം തിരികെ പിടിക്കാൻ.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തികച്ചും യാദൃച്ഛികമായി കണ്ടു മുട്ടിയ ആ 'അപരിചിത എപ്പോഴോ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നുവെന്നു തോന്നി.ഈശ്വരന് ഒരായിരം നന്ദി. ചില പച്ചയായ ജീവിത യാഥാർഥ്യങ്ങളിൽകൂടി കടന്നു പോകുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത്.ചെറിയ നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമായേക്കാം...
" ഒരു ചെറുതിരിയായെങ്കിലും ജ്വലിക്കുവാൻ കഴിയുന്നതെത്ര പുണ്യം "
ഹോൺ മുഴങ്ങി.... നിറമുള്ള ഒത്തിരി സ്വപ്നങ്ങളേയും പ്രതീക്ഷകളേയും ചേർത്തുപിടിച്ചുകൊണ്ട് ... ട്രെയിൻ പതിയെ നീങ്ങിതുടങ്ങി........

ശുഭം!!!!

Ente Thoolika

എന്റെ മനസ്സിൽ തോന്നിയ ചില കുത്തികുറിക്കലുകൾ ....

0 comments: